അല്ലാഹുവിന്റെ ഭവനങ്ങൾ അടഞ്ഞു കിടന്ന ഒരു വെള്ളിയാഴ്ച് കൂടി വിട പറഞ്ഞിരിക്കുന്നു. സമ്പൂർണ ലോക്ഡൗണിനോടനുബന്ധിച് ഗവണ്മെന്റ് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഒന്നൊന്നായി ഇളവുകൾ വന്നുകൊണ്ടിരിക്കുന്നു. ടി ആർ പി റേറ്റ് പതിനാറിൽ താഴെ വന്നാൽ പതിനഞ്ചു പേരിൽ ഒതുക്കിക്കൊണ്ടു മാത്രം ആരാധനാലയങ്ങൾ തുറക്കാം എന്നതാണ് ഇപ്പോൾ നൽകിയിട്ടുള്ള ഇളവ്. കാര്യമായി നിയന്ത്രണങ്ങൾ ഇല്ലാതെ നടക്കുന്ന മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ടു വന്ന വിമർശനങ്ങളോടനുബന്ധിച്ചാണ് ഇപ്പോൾ ഈ ഇളവ് പോലും നൽകിയത്.
ജാതി മത ഭേദമന്യേ ഭൂരിഭാഗം ആളുകളുടെയും ജീവനോപാധികളെ ഈ ലോക്ഡൗൺ ബാധിച്ചിട്ടുണ്ട്.ഒരു മഹാമാരിയെ ചെറുക്കാൻ പല നിയന്ത്രണങ്ങളും വേണ്ടി വരുക എന്നത് സ്വാഭാവികമാണ്, പക്ഷെ നടപ്പാക്കുന്നതിലെ നീതികേടാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും, കച്ചവടക്കാരും ദിവസവേതനക്കാരും പലയിടങ്ങളിലും നിയമ നടപടികൾക്ക് വിധേയമായപ്പോൾനൂറു കണക്കിന് രാഷ്ട്രീയ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിലും, പ്രതിഷേധപ്രകടനങ്ങളിലും, മരണാനന്തരചടങ്ങുകളിലും മറ്റു പല ആഘോഷങ്ങളിലും പങ്കെടുക്കുന്നത് നാം കണ്ടു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ പോലും വലിയ നിയന്ത്രണങ്ങൾ നിലനില്കുമ്പോളാണ് ആയിരക്കണക്കിന് ജനങ്ങൾ പോലീസിന്റെ സംരക്ഷണയിൽ യാതൊരുവിധ പ്രൊട്ടോക്കോളും പാലിക്കാതെ മദ്യ വിൽപ്പന കേന്ദ്രങ്ങളിൽ കൂടി നിൽക്കുന്നത്.
കോവിഡ് ഇല്ലെങ്കിലും ശ്രദ്ധയോടെ ശരീര ശുദ്ധിയോടെ നടക്കുന്ന പ്രാർത്ഥനയാണ് നമസ്കാരം. പക്ഷെ മറ്റൊരു ഇടങ്ങളിലും ഇല്ലാത്ത നിയന്ത്രണങ്ങൾ ആണ് ആരാധനാലയങ്ങളിൽ നിലവിൽ ഉള്ളത്. ഭൗതികവും മതവിരുദ്ധവുമായ ഒരു ആദർശത്തെ പിന്പറ്റുന്നവർ അധികാരം ലഭിക്കുമ്പോൾ ഇത്തരം നിരോധനങ്ങൾ കൊണ്ട് വരുന്നത് സ്വാഭാവികമാണ്, പക്ഷെ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഈ വിഷയത്തിലെ പ്രതികരണം വളരെ ആശങ്കാജനകം ആണ്. എന്നെന്നേക്കുമായി ആരാധനാലയങ്ങളിലെ നമസ്കാരം നിരോധിച്ചാൽ പോലും കുഴപ്പമില്ല എന്ന കാഴ്ചപ്പാടാണ് പലർക്കും.വീട്ടിൽ ഇരുന്നു വിളിച്ചാലും അള്ളാഹു കേൾക്കില്ലെ, എന്നാണ് ഇത്തരക്കാരുടെ ചോദ്യം.
എല്ലായിടത്തും നിയന്ത്രണങ്ങൾ ഉള്ളപ്പോൾ അതെ നിയന്ത്രണങ്ങൾ മസ്ജിദുകളിലും ഉണ്ടാവുന്നത് തെറ്റല്ല, പക്ഷെ മാറ്റെല്ലായിടങ്ങളിലും ഇളവുകൾ ഉള്ളപ്പോൾ അത് മസ്ജിദുകൾക്കു നൽകാൻ സാധിക്കില്ല എന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്.
മറ്റുള്ള മതങ്ങൾക്കും ഇത് ബാധകമല്ലേ മസ്ജിദിന് മാത്രം എന്തിനാണ് ഇളവ് എന്നും ചോദിക്കുന്നവരുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ നിയന്ത്രണങ്ങളും നിരോധനങ്ങളും ഉള്ള മതമാണ് ഇസ്ലാം.മുൻപ് ഉള്ള മതങ്ങളുടെയും വിശ്വാസങ്ങളുടെയും ലോകാവസാനം വരെയുള്ള പൂർത്തീകരണമാണത്. ഇതരമതങ്ങളിൽ വിശ്വസിക്കുന്നവർക്ക് നിസാരം എന്ന് തോന്നാവുന്ന പല വിഷയങ്ങളിലും ഇസ്ലാമിന് കൃത്യമായ നിലപാടുണ്ട്. നമസ്കാരവും അതിൽ നിന്നൊഴിവല്ല. അതു കൊണ്ട് തന്നെ അമ്പലവും ചർച്ചും അടച്ചിട്ടാൽ മസ്ജിദുകൾ അടച്ചു കൂടെ എന്ന ചോദ്യം സമ്മതിക്കാൻ തരമില്ല.
മുസ്ലിം സംഘടന നേതൃത്വങ്ങൾ കേവലം പോസ്റ്റർ പ്രതിഷേധത്തിലും, മുഖ്യമന്ത്രിക്കുള്ള പരാതിയിലും തങ്ങളുടെ പ്രതികരണം ഒതുക്കി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളാണ് പേരിനെങ്കിലും പ്രതിഷേധം തെരുവിലേക്കെത്തിച്ചത്. അതും പിന്നീട് ഒതുങ്ങി. 80:20 സംവരണം, ലക്ഷദ്വീപ് പ്രശ്നം, പലസ്റ്റീൻ ആക്രമണം, ഇന്ധന വിലവർധന ഇങ്ങനെയുള്ള വിഷയങ്ങളിൽ കണ്ട പ്രതിഷേധങ്ങളുടെ ഒരു ശതമാനം പോലും ഈ വിഷയത്തിൽ സമുദായത്തിന്റെ ഭാഗത്ത് കാണുന്നില്ല. 30 വർഷം മുൻപ് തകർക്കപ്പെട്ട പള്ളിക്ക് വേണ്ടി ഇപ്പോഴും വികാരം കൊള്ളുന്ന പലർക്കും, കണ്മുന്പിൽ അന്യായമായി ആയിരക്കണക്കിന് പള്ളികൾ അടഞ്ഞുകിടക്കുന്നത് ഒരു പ്രശ്നമാകുന്നില്ല.
വിശ്വാസികൾ നീതികേട് കാണിക്കുന്ന ഭരണാധികാരികളെ കൊണ്ടും, സാമൂഹ്യ വ്യവസ്ഥിതി കൊണ്ടും പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. രാഷ്ട്രീയമായും വിശ്വാസപരമായും ആ പരീക്ഷണത്തെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് പിന്നീടുള്ള അവരുടെ വിധി അള്ളാഹു തീരുമാനിക്കുന്നത്.
ഒരു ഇസ്ലാം മതവിശ്വാസിയെ സംബന്ധിച് അവന്റെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് അഞ്ചു നേരത്തെ നമസ്കാരം. അത് പുരുഷന്മാർ നിർബന്ധമായും മസ്ജിദിൽ നിർവഹിക്കേണ്ടതാണ്. ലോക്ഡൗണ് ഇതര മേഖലകളിൽ ഉണ്ടാക്കിയ പ്രതിസന്ധിയുടെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന പലരും ആരാധനാലയങ്ങളുടെ വിഷയത്തിൽ മൗനികളാണ്. ഭൗതികമായ പ്രതിസന്ധികൾ മാറ്റിയെടുക്കാൻ ശ്രമിക്കുകയും ആത്മീയമായ വിഷയങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ അവഗണിക്കുന്നവർ തങ്ങളുടെ വിശ്വാസി എന്ന പദവിയെ പുനഃപരിശോദിക്കേണ്ടതാണ്.
ഒരു അങ്ങാടിയിൽ മറ്റെല്ലാ പ്രവർത്തനങ്ങളും നടക്കുകയും അല്ലാഹുവിന്റെ ഭവനങ്ങൾ അടഞ്ഞു കിടക്കുകയും ചെയ്യുമ്പോൾ ആ നീതികേടു ചോദ്യം ചെയ്യാൻ വിശ്വാസി സമൂഹം തയ്യാറാവുന്നില്ലെങ്കിൽ അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് തയ്യാറായിക്കൊള്ളുക………